മൃതി
ആലംബമില്ലാതെ
വിലാപത്തിലാഴ്ത്തുവാൻ ആലിംഗനം ചെയ്യുന്ന വിരഹമേ,
ആരവങ്ങളില്ലായിരുന്നു
ഇത്രമേൽ, നീ പരിണയിച്ച
ആയുഷ്കാലമത്രെയും.
നാഴിയിൽ അളക്കുവാൻ കഴിയുമോ നിന്നെ
ദഹിപ്പിക്കുന്ന ഈ ആഴിക്കു,
അലമുറയിൽ നിന്നും നിശ്ശബ്ദതയിലേക്കു നീളുന്ന
നഷ്ടബോധത്തിന്റെ കണക്കുപറിച്ചിൽ.
രണ്ടുതുണ്ട്
പഞ്ഞിക്കുമുന്നിൽ അടിയറവുപറഞ്ഞിരിക്കുന്നു ഓരോനിശ്വാസവും.
പീതപട്ടുമൂടിയ
നിൻ അന്ധത
ഹനിക്കുന്നു നിരർത്ഥകമായ ഓരോ വിശ്വാസവും.
തൂശനിലയിൽ
വിളമ്പിയ നിൻ ശാരീരം
ഇനി എന്നന്നേക്കുമേൽ നിസ്വനം.
ചിതലുകൾ അരിക്കുവാൻ ഒരുങ്ങുന്നു
നീ അർത്ഥപൂർണമാക്കിയ ഓർമ്മകളും.
നിൻ ചിതയിലെ ഒടുവിലത്തെ കനൽക്കട്ടയണക്കും എൻ
ഒടുക്കത്തെ ബാഷ്പം,
ആ ഭസ്മത്തിൽ ചാലിച്ചെഴുതിയാലും, പിൻകാമിയെ
ഉറ്റുനോക്കും കർമ്മകാണ്ഡം.
എള്ളുമൂടിയ
ബലിച്ചോറു വിറപൂണ്ട വിരലുകൾ ഏൽക്കവേ,
കറപുരളാത്ത
മനസിന്റെ മിഴിയിൽ വിശപ്പിന്റെ നിഷ്കളങ്കത.
രാമച്ചപുകയായുയരുന്ന
നിൻ സന്നിധാനമിന്നു, നാളെ
ഒരുപക്ഷെ വിരസം,
പിന്നെ ഒരുപിടി വാർഷിക സംബ്രദായം
ആകുന്നു നിൻ സ്മൃതിപഥം.
മോഡേൺ ബ്രെഡും , റോബസ്റ്റ പഴവും, കട്ടൻ ചായയാലും, സാമൂഹിക
മർമരങ്ങൾ സുഭിക്ഷം.
എത്ര സുന്ദരനാണുനി വിരൂപനായ പരമാർത്ഥമേ, മരണമേ,
സത്യം ....
"ചിതലുകൾ അരിക്കുവാനൊരുങ്ങുന്നു നീ
ReplyDeleteഅർത്ഥപൂർണ്ണമാക്കിയ ഓർമകളും"
നന്നായിട്ടുണ്ട്...
Thank you.
Delete